തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡിസി ബുക്സ്. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ ശേഷമാണ് ഡിസി ബുക്സ് വിശദീകരണവുമായി രംഗത്തെത്തിയത്. വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നു, നടപടിക്രമങ്ങൾ പാലിച്ചാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി.(E P Jayarajan’s autobiography controversy; DC books explanation)
പുസ്തക വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പോലീസ് സംഘം മൊഴിയെടുത്തത്.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥ എന്ന് പേരിലുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ മാധ്യമങ്ങൾ പുറത്തുവിട്ടത്. സിപിഎം നേതാക്കള്‍ക്കും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിനുമെതിരെ കടുത്ത പ്രയോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നായിരുന്നു ആത്മകഥയിലെ പ്രധാന വിമര്‍ശനം.