കാലാവസ്ഥാ പ്രവചനങ്ങൾ ഫലിച്ചുതുടങ്ങി. ഉഷ്‌ണതരംഗ സാധ്യത നിലനിൽക്കുന്ന കൊല്ലത്ത് അതിശക്തമായ വേനൽ മഴ ലഭിച്ചു. ജില്ലയിലെ എല്ലാ മേഖലകളിലും ഇടിമിന്നലോട് കൂടിയ മഴ വൈകിട്ടോടെ ലഭിച്ചു. നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ മഴവെള്ളം നിറഞ്ഞു വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തു. വർക്കലയിലും ഇടിമിന്നൽ നാശം വിതച്ചു. ഇവിടെ ഇടിമിന്നലിൽ ഒരു വീട് തകർന്നു. വര്‍ക്കല കല്ലുവാതുക്കൽ നടയ്ക്കലിലാണ് സംഭവം. നടയ്ക്കല്‍ വസന്തയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
