ദുബായ്: റോഡ് ഗതാഗതം പ്രകൃതി സൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി. പുതുതായി 360 ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം. ഇതിലൂടെ റോഡ് ഗതാഗതം പ്രകൃതി സൗഹൃദമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ഇതിന്റെ ഭാഗമായി അല്‍ഫുത്തൈം ഓട്ടോമാറ്റിവുമായി ആര്‍ടിഎ കരാറില്‍ ഒപ്പുവെച്ചു.
റോഡ് ഗതാഗത അതോറിറ്റി കരാര്‍ പ്രകാരം പത്ത് ഇലക്ട്രിക് ബസുകള്‍, 250 ഇലക്ട്രിക് വാഹനങ്ങള്‍, നൂറ് ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയാണ് അല്‍ഫുത്തൈം, ആര്‍ടിഎയ്ക്ക് നിര്‍മ്മിച്ചു നല്‍കുക. ഇലക്ട്രിക് ചാര്‍ജിംഗ് ശൃംഖലയും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങളും അല്‍ഫുത്തൈം തന്നെ ലഭ്യമാക്കും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 2050-ഓടെ കാര്‍ബണ്‍ രഹിത പൊതുഗതാഗതം എന്ന ലക്ഷ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. 2050-ഓടെ എല്ലാ പൊതുഗതാഗത വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ആര്‍.ടി.എ.
ദുബായ് സാമ്പത്തിക അജണ്ട ഡി 33-ന്റെ ലക്ഷ്യങ്ങളില്‍ ഇതും ഉള്‍പ്പെടുന്നുണ്ട്. 2040-ഓടെ എല്ലാ ടാക്സികളും ഇലക്ട്രികായി മാറും. ബാഴ്സലോണയില്‍ നടന്ന ചടങ്ങിലാണ് ആര്‍.ടി.എയും അല്‍ഫുത്തൈമും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. പൊതു ഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.