ദൃശ്യം 3 എപ്പോള്‍? ആരാധകരുടെ സംശയത്തിന് ജീത്തു ജോസഫിന്റെ മറുപടി
സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ദൃശ്യം 3-യുടെ റിലീസ് സംബന്ധിച്ച സസ്പെന്‍സ് ഒടുവില്‍ അവസാനിപ്പിച്ച് സംവിധായകന്‍ ജീത്തു ജോസഫ്.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മലയാളം ഒറിജിനല്‍ പതിപ്പ് ഏപ്രില്‍ ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയത്.
രാജഗിരി ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി റീമേക്ക് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു
അതേസമയം, അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ചിത്രം ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍ എത്തും. മലയാളം പതിപ്പിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിരുന്നെങ്കിലും റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
‘ദൃശ്യ’ത്തിൻ്റെ ഭാരം വലുതെന്ന് ജീത്തു
‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ വലിയ ഭാരം ഉള്ളില്‍ ഉണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ചിത്രം കാണണമെന്നാണ് ആഗ്രഹം’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്
ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വലതുവശത്തെ കള്ളന്‍’ മുന്‍പ് എത്തും
ദൃശ്യം 3-യ്ക്ക് മുന്‍പ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ എത്തുന്ന മറ്റൊരു ചിത്രം ‘വലതുവശത്തെ കള്ളന്‍’ ജനുവരി 30-ന് റിലീസ് ചെയ്യും.
ചിത്രത്തെക്കുറിച്ച് വലിയ ആത്മവിശ്വാസമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
റൈറ്റ്സ് പനോരമ സ്റ്റുഡിയോസിന്
ദൃശ്യം 3 മലയാളം ഒറിജിനലിന്റെ ആഗോള തിയറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.
ഈ പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മോഹന്‍ലാലും സംസാരിച്ചു.
‘വര്‍ഷങ്ങളായി എന്റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും തുടരുന്ന ഒരാളാണ് ജോര്‍ജുകുട്ടി. പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളോടെ വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് ഈ യാത്ര’ — മോഹന്‍ലാല്‍ പറഞ്ഞു.
English Summary:
Director Jeethu Joseph has confirmed that the Malayalam original of Drishyam 3, starring Mohanlal, will release in theatres in the first week of April. While the Hindi remake is set for an October 2 release, the Malayalam version’s date had remained undisclosed until now.









