പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി പോലുള്ളവയാണ് നാം പൊതുവായി കാണാറുള്ളവയും കഴിയ്ക്കാറുള്ളവയും. വിപണിയില്‍ വല്ലപ്പോഴും മാത്രം കണ്ടു വരുന്ന ചില ഫലങ്ങള്‍ നാം പൊതുവേ അവഗണിയ്ക്കുന്നതാണ് ശീലം. എന്നാല്‍ ഇവയ്ക്ക് പലതിനും ഏറെ ആരോഗ്യപരമായ വിശേഷകതകളുണ്ടായിരിക്കും. ഇത്തരത്തില്‍ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്നത്. ഏതാണ്ട് പള്‍പ്പിള്‍ നിറത്തിലെ പുറന്തോടോട് കൂടിയ ഇതിനുള്ളില്‍ വെളുത്ത നിറത്തിലെ കാതലാണ് ഉള്ളത്. ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്.
പ്രമേഹ രോഗികള്‍ക്ക്
ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ ഏറെ നല്ലതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന മികച്ച ഒന്നാണിത്. മധുരമില്ലാത്തതും ഇത് പ്രമേഹത്തിന് മരുന്നാക്കാവുന്ന ഒന്നാണ്. ബിപി നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണിത്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉത്തമമാണ്.
രോഗപ്രതിരോധ ശേഷി
വൈറ്റമിന്‍ സി, അയേണ്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതിനാല്‍ ഇത് വിളര്‍ച്ച തടയാന്‍ നല്ലതാണ്. വൈറ്റമിന്‍ സി അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഉത്തമമാണ്. കലോറി കുറവും നാരുകളുമുള്ളതിനാല്‍ തന്നെ തടി കുറയ്ക്കാന്‍ ഉത്തമമാണ് ഈ ഫലം. പോളിഫിനോളുകള്‍ അടങ്ങിയ ഈ പഴം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ ഗുണകരമാണ്.
കുടല്‍ ആരോഗ്യത്തിന്
ഇത് പ്രീബയോട്ടിക്കാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരികള്‍ക്ക് ഭക്ഷണമാകുന്ന ഒന്ന്. ഇതിനാല്‍ തന്നെ ഇത് കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിന്
ഇതില്‍ ബീറ്റാടാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും മികച്ചതാണ് ഇത്. ഇതിലെ ചെറിയ കറുത്ത വിത്തുകള്‍ ഒമേഗ ത്രീ, ഒമേഗ 9 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ സമ്പുഷ്ടമായതിനാല്‍ ചര്‍മത്തിനും ഇതേറെ നല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ സമ്പുഷ്ടമായ ഒന്നാണിത്.