കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയിരുന്നു
കൊല്ലം: ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറെ സസ്‌പെൻഡ് ചെയ്തു. വർക്കല എസ്.ഐ എസ്.അഭിഷേകിനെയാണ് സസ്‌പെൻഡ് ചെയ്തത്. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.(Dowry Harassment Complaint; Suspension for Varkala SI)
വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗമാണ് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചത്. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിൽ മർദ്ദനമേറ്റെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയിരുന്ന ആശ തന്നെ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
കേസിൽ രണ്ടാം പ്രതിയായ വനിതാ എസ്.ഐയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് സ്ഥലം മാറ്റിയിരുന്നു. എസ്.ഐ അഭിഷേകിന്‍റെ പെരുമാറ്റദൂഷ്യം സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും അത് അനുവദിക്കാനാകില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.