ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നാടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും പ്രചാരണവേളകളിലോ റാലികളിലോ കുട്ടികളെ കൈകളില്‍ പിടിച്ച് നടക്കുകയോ റാലി വാഹനത്തില്‍ കയറ്റുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
നിയമം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ചിഹ്നങ്ങള്‍ കുട്ടികളെക്കൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ പ്രവര്‍ത്തനങ്ങളിലോ ജോലികളിലോ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിപ്പിച്ച നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി.
ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന രാഷ്‌ട്രീയപാർട്ടികൾക്കും നേതാക്കൾക്കും എതിരെ ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകൾ പാടിക്കുക. രാഷ്‌ട്രീയപാർട്ടിയുടെ പ്രത്യയശാസ്ത്രം കുട്ടികളെക്കൊണ്ട് പ്രകടിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Read Also: ഷാൻ വധകേസ്; കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയിൽ വാദം തുടരും