വെളുത്ത വസ്ത്രങ്ങളണിഞ്ഞ് സ്വർണ കുരിശുമാലയും മിറ്റർ തൊപ്പിയും ധരിച്ച് പോപ്പായി വേഷമിട്ട് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിൽ ആണ് പോപ്പിന്റെ വേഷമിട്ട എ.ഐ ചിത്രം പ്രത്യക്ഷപെട്ടത്. ഡോണൾഡ് ട്രംപ് തന്നെയാണ് ചിത്രം പങ്കുവച്ചത്.
രാജകീയ വേഷവിധാനത്തോടുകൂടിയ എ.ഐ ചിത്രമാണ് പങ്കുവെച്ചത്. തനിക്ക് അടുത്ത പോപ്പ് ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചിത്രം പങ്കുവച്ചത്.
എന്നാൽ ആളുകൾക്ക് ഈ തമാശ അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സംഭവം അതിര് കടക്കുന്നുവെന്ന നിലപാടാണ് ഒരുപാട് ആളുകൾ സ്വീകരിക്കുന്നത്.
ഇത് സഭയോടും ദൈവത്തോടുമുള്ള അനാദരവാണെന്നാണ് ഒരാളുടെ പ്രതികരണം. ‘ഇത് വെറുപ്പുളവാക്കുന്നതും പൂർണമായും കുറ്റകരവുമാണ്’ എന്നാണ് മറ്റൊരാളുടെ പ്രതികരണം.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ കത്തോലിക്കർ നടത്തുന്ന പ്രക്രിയയെ പരിഹസിക്കാൻ എങ്ങനെ ധൈര്യം വന്നു എന്നും മറ്റൊരാൾ ചോദിക്കുന്നു.
തമാശയായി പങ്കുവെച്ചതാണെങ്കിലും സംഭവം അത്ര നിസാരമല്ലയെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.









