തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ ∙ ഇറാനെതിരായ നിലപാടുകളുടെ പശ്ചാത്തലത്തിൽ തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
താൻ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായാൽ, അതിന് പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയാൽ, ആ രാജ്യത്തെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.
ഇറാനും യുഎസും തമ്മിലുള്ള ബന്ധം വീണ്ടും അതീവ സംഘർഷാവസ്ഥയിലേക്കു നീങ്ങുന്ന ഘട്ടത്തിലാണ് പ്രസിഡന്റിന്റെ ഈ പരാമർശങ്ങൾ.
തനിക്കെതിരെ വധശ്രമം നടന്നാൽ ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നടത്തണമെന്ന് ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു.
“എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അവരെ ഈ ഭൂമുഖത്തുനിന്ന് പൂർണമായും തുടച്ചുനീക്കാൻ ഞാൻ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ്‌നേഷന്റെ ‘കാറ്റി പാവ്ലിച്ച് ടുനൈറ്റ്’ എന്ന പരിപാടിയിലാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. തന്റെ ജീവന് നേരെയുള്ള ഭീഷണികളുമായി ഈ നിർദേശം നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്-ഇറാൻ ബന്ധത്തിലെ വഷളായ സാഹചര്യങ്ങൾക്ക് ട്രംപിന്റെ ഈ പ്രതികരണങ്ങൾ കൂടുതൽ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
ടെഹ്റാനെതിരെ ‘പരമാവധി സമ്മർദ്ദ’ നയം വീണ്ടും ശക്തമാക്കുന്ന എക്‌സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കുന്നതിനിടെയും ട്രംപ് സമാനമായ മുന്നറിയിപ്പ് നൽകി.
“അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, ഒന്നും അവശേഷിക്കില്ല. എന്റെ നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. അവർ അത് പാലിച്ചാൽ, പിന്നെ ഒന്നും ബാക്കി ഉണ്ടാകില്ല” എന്നാണ് അദ്ദേഹം റിപ്പോർട്ടർമാരോട് പറഞ്ഞത്.
യുഎസ് ഭരണഘടന പ്രകാരം, പ്രസിഡന്റ് വധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ അധികാരം ഏറ്റെടുക്കും.
തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ്
എന്നാൽ മുൻ പ്രസിഡന്റിന്റെ ഏതെങ്കിലും നിർദേശങ്ങൾ നിർബന്ധമായി നടപ്പാക്കേണ്ട നിയമപരമായ ബാധ്യത പുതിയ പ്രസിഡന്റിന് ഇല്ല. എന്നിരുന്നാലും, ട്രംപിന്റെ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്.
ഇതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനിയെ ലക്ഷ്യമാക്കി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ടെഹ്റാൻ യുഎസിന് മുന്നറിയിപ്പ് നൽകി.
ഖമീനിയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.
“നമ്മുടെ നേതാവിനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ, അതിന് പിന്നിലുള്ള കൈ ഞങ്ങൾ വെട്ടിമാറ്റുക മാത്രമല്ല, അവരുടെ ലോകം തന്നെ കത്തിച്ചുകളയും” എന്ന് ഇറാനിയൻ സായുധ സേനയെ പ്രതിനിധീകരിച്ച് അബോൾഫാസ്ൽ ഷെകാർച്ചി വ്യക്തമാക്കി.









