കൊച്ചി: മലയാളികൾ സാരിയുടുക്കാൻ പഠിച്ചത് ആരിൽ നിന്നെന്ന് അറിയാമോ? ഗോവക്കാരിൽ നിന്നത്രെ… 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്ന് പോർട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം ഗോവയിൽ നിന്ന് പാലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളുമാണ് സാരിയും ഒപ്പം കൊണ്ടുവന്നത്.
ഗോവയിൽ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി ഇക്കൂട്ടർ ഉത്സാഹിപ്പിക്കുകയായിരുന്നു. മേൽമുണ്ട് ധരിക്കാൻ അവകാശമില്ലാത്ത കാലത്ത് ആ അവകാശം സ്ഥാപിച്ചെടുക്കാൻ കൂടിയായിരുന്നു സാരി പ്രചാരണം. അതിന്റെ ഭാഗമായി സാരിനൃത്തം വരെ അവർ ആവിഷ്കരിച്ചു.
ഗോവയിൽ നിന്ന് വന്ന് മലയാളികളായി മാറിയവരുടെ സാംസ്‌കാരിക തനിമയെക്കുറിച്ച് അറിയാൻ കലാ,സാംസ്‌കാരിക സംഘടനായ ‘എക്‌മേളി” ഇന്ന് കലാമേള സംഘടിപ്പിക്കുന്നുണ്ട് .
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൂന്ന് മണിമുതലാണ് പരിപാടി. പോർട്ടുഗീസ് അധിനിവേശത്തിൽ ഗോവയിൽ അനുഭവിച്ച ദുരന്തങ്ങൾ ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം ‘ഫോദ്ധോ അനി ഫോഡ്ദോ” എന്ന ലഘു നാടകമായി അവതരിപ്പിക്കും. മുൻ സിൻഡിക്കറ്റ് ബാങ്ക് ചെയർമാൻ എൻ.കാന്തകുമാർ ഉദ്ഘാടനം ചെയ്യും.