യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഛർദി മിക്കവരുടെയും പ്രശ്നമാണ്. ചിലർക്ക് വായിക്കുമ്പോഴും മൊബൈൽ നോക്കുമ്പോഴും എല്ലാം ഛർദ്ദിക്കാൻ തോന്നാറുണ്ട്. മോഷൻ സിക്നസ് എന്നാണ് ഇത് അറിയപ്പെടുന്നത്. യാത്രയ്ക്കിടെ മൊബൈൽ നോക്കുമ്പോൾ ഉണ്ടാകുന്ന ഛർദ്ദിക്ക് പരിഹാരവുമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. ‘വെഹിക്കിൾ മോഷൻ ക്യൂസ്’ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.
നമ്മുടെ കാഴ്ചയും ശരീരത്തിന്റെ ചലനവും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷൻ സിക്നസ് എന്ന അവസ്ഥയ്ക്ക് കാരണം. ഉദാഹരണത്തിന് നമ്മൾ ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോൾ നമ്മുടെ ശരീരം ചലിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ മൊബൈലിലെ സ്ക്രീൻ ചലനരഹിതമാണ്. ഈ പൊരുത്തക്കേട് തലച്ചോറിൽ കൺഫ്യൂഷൻ ഉണ്ടാക്കുകയും സ്ക്രീനിലേക്ക് നോക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ഇത് ഛർദിക്ക് കാരണമാകുന്നു.
ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ആപ്പ് വർക്ക് ചെയ്യുന്നത് ഇപ്രകാരമാണ് : വാഹനത്തിന്റെ ചലനവുമായി സമന്വയിപ്പിച്ച് ഡിവൈസിന്റെ സ്ക്രീൻ ചലിക്കുന്നതോടൊപ്പം സ്ക്രീനിന്റെ അരികുകളിൽ അനിമേറ്റഡ് ഡോട്ടുകൾ പ്രദർശിപ്പിക്കുന്നു. ഇത് നാം നീങ്ങുന്നത് അനുസരിച്ച് മൊബൈൽ സ്ക്രീനും നീങ്ങുന്നതായ ഫീൽ നൽകുന്നു. ഈ ഡോട്ടുകൾ നമ്മുടെ മസ്തിഷ്കത്തിന് അനുഭവപ്പെടുന്ന ചലനത്തെ കണ്ണുകൾ കാണുന്നതുമായ ചലനങ്ങളുമായി പൊരുത്തപ്പെടുന്നതിന് സഹായിക്കുന്നു. ഇത് മോഷൻ സിക്നസ് ഇല്ലാതാക്കും. ആപ്പിളിന്റെ ഐഫോണുകളിലും ഐപ്പാഡുകളിലും ഈ ഫീച്ചർ ലഭ്യമാകും. വൻ സ്വീകാര്യതയാണ് പുതിയ ഫീച്ചറിന് ലഭിക്കുന്നത്. ദീർഘദൂര യാത്രകളിൽ മൊബൈൽ ഉപയോഗത്തിന് ഏറെ പ്രയോജനപ്പെടുന്ന ഈ ഫീച്ചർ ആപ്പിൾ ഉപഭോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.