അമിതമായി ചായയും കാപ്പിയും കുടിക്കരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന തലക്കെട്ടിലുള്ള 148 പേജുള്ള റിപ്പോർട്ടിലാണ് ഐസിഎംആറിൻ്റെ മുന്നറിയിപ്പ്. ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കാൻ ഐസിഎംആർ നിർദ്ദേശിക്കുന്നുണ്ട്. കാരണം അവയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ കുറക്കുകയും ആമാശയത്തിലെ ഇരുമ്പുമായി ടാനിനുകള്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇരുമ്പ് ശരിയായി ശരീരത്തിൽ ആഗിരണം ചെയ്യുന്നത് തടയുന്നു. ഇരുമ്പിന്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതിടയാക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
കാപ്പി അമിതമായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും കട്ടന്‍ ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണം, കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍, വയറ്റിലെ ക്യാന്‍സര്‍ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്നും പറയുന്നുണ്ട്.
ഐ.സി.എം.ആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളിൽ ചിലത്
1. സമീകൃതാഹാരം ഉറപ്പിക്കാൻ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ കഴിക്കുക.
2. ഗർഭിണികള്‍, പുതിയ അമ്മമാർ എന്നിവർക്ക് ഭക്ഷണവും കരുതലും കൂടുതല്‍ ലഭ്യമാക്കണം.
3. പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലത്തെ മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉറപ്പാക്കുക
4. രണ്ടുവയസ്സുവരെ മുലയൂട്ടല്‍ തുടരുക.
5. ആറുമാസം കഴിഞ്ഞാല്‍ വീട്ടില്‍ തയ്യാറാക്കിയ അർധ ഖരരൂപത്തിലുള്ള പൂരകാഹാരങ്ങള്‍ നല്‍കാം.
6. ആരോഗ്യം കാക്കാൻ പ്രാപ്തമായ ആഹാരക്രമം കുട്ടികള്‍ക്കും കൗമാരക്കാർക്കും ഉറപ്പാക്കുക
7. ധാരാളം പച്ചക്കറികളും പയർവർഗങ്ങളും കഴിക്കുക
8. എണ്ണയും കൊഴുപ്പം മിതമാക്കുക, ദിവസവും ലഭിക്കേണ്ട കൊഴുപ്പ്, ഫാറ്റി ആസിഡുകള്‍ എന്നിവ നേടുന്നതിനായി നട്സും മറ്റും ശീലമാക്കുക.
9. നല്ല പ്രോട്ടീനുകളും അവശ്യ അമിനോ ആസിഡുകളും ലഭ്യമാക്കുകയും പേശികളുടെ കരുത്ത് വർധിപ്പിക്കാനായി പ്രോട്ടീൻ സപ്ലിമെന്റുകളും ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
10. അടിവയറിലെ വണ്ണവും അമിതവണ്ണവുമെല്ലാം പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക.
11. ശാരീരിക പ്രവർത്തനങ്ങളില്‍ സജീവമാവുക, ദിനവും വ്യായാമം ചെയ്യുക
12. ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.
13. സുരക്ഷിതവും ശുചിത്വവുമാർന്ന ഭക്ഷണം ശീലമാക്കുക
14. ഉചിതമായ പാചകരീതികള്‍ ഉറപ്പാക്കുക
15. ധാരാളം വെള്ളം കുടിക്കുക
16. സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പും മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുക.
17. പ്രായമായവരുടെ ആഹാരശീലങ്ങളില്‍ പോഷകസമ്ബന്നമായവക്ക് പ്രാധാന്യം നല്‍കുക
18. ഭക്ഷണങ്ങളുടെ ലേബലുകളും അതുസംബന്ധിച്ച വിവരങ്ങളും വായിക്കുക.