ആലപ്പുഴ: പിണറായി സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യം ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് തട്ടി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ഐ ആൻഡ് പിആർഡി).
എന്നാൽ, മറുപടി നൽകേണ്ടതു ഡയറക്ടറേറ്റാണെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസ് വിശദീകരിക്കുന്നു. വകുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ് ഉന്നത അധികൃതരുടെ രക്ഷപ്പെടൽ നടപടി.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയായ എന്റെ കേരളവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ ചടങ്ങിനെപ്പറ്റിയുള്ള ചോദ്യമാണ് ജില്ലാ ഓഫിസിലേക്കു നീട്ടിയടിച്ചു തടിയൂരാൻ ഡയറക്ടറേറ്റ് ശ്രമിച്ചത്.
2023 മേയിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ആകെ എത്ര രൂപയുടെ ബില്ലുകൾ വകുപ്പിൽ ലഭിച്ചു, ഈ ബില്ലുകൾ പാസാക്കിയോ, പരിപാടിക്കു പന്തൽ നിർമിച്ച വകയിൽ എത്ര രൂപയുടെ ബില്ലുകൾ വകുപ്പിൽ ലഭിച്ചു, ബില്ലുകൾ പാസാക്കിയെങ്കിൽ പാസാക്കിയ തീയതി, ഫയൽ നമ്പർ ബില്ലുകളുടെയും നോട്ട് ഫയലിന്റെയും പകർപ്പുകൾ എന്നിവ നൽകാമോ? – ഇതായിരുന്നു വിവരാവകാശ ചോദ്യം.
അപേക്ഷകനു നേരിട്ടു മറുപടി നൽകാൻ അപേക്ഷയുടെ പകർപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസർക്കു കൈമാറിയിട്ടുണ്ടെന്ന മറുപടിയാണു വകുപ്പിന്റെ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫിസർ നൽകിയത്. ഡയറക്ടറേറ്റിൽനിന്നു കൈമാറി ലഭിച്ച ചോദ്യത്തിന്റെ മറുപടി ജില്ലാ ഓഫിസിൽനിന്നു കഴിഞ്ഞദിവസം അപേക്ഷകനു ലഭിച്ചു: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഡയറക്‌ടറേറ്റിൽനിന്നു നേരിട്ടാണു നടത്തിയത്. വിവരങ്ങൾ ഈ ഓഫിസിൽ ലഭ്യമല്ല.