കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ഷാഫി നിലവിൽ വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് കഴിഞ്ഞ 16നാണ് ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ടിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്.
കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.









