ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി
നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ഡിസംബർ എട്ടിന് രാവിലെ, നടൻ ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയതായി ആരോപിച്ച് സഹോദരി എസ്. ജയലക്ഷ്മി ആലുവ പോലീസിൽ പരാതി നൽകി.
റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും അവിടുത്തെ ജേണലിസ്റ്റുകൾക്കുമെതിരെയാണ് പരാതി.
വീടിന് മുകളിൽ ഡ്രോൺ പറത്തി ദിലീപിന്റെയും അവിടെ താമസിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യത ഗുരുതരമായി ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.
ദിലീപ് മാത്രമല്ല, ഒപ്പം താമസിക്കുന്ന തനുൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങളും അനധികൃതമായി പകർത്തി ചാനലുകൾ തുടർച്ചയായി സംപ്രേഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
സ്വകാര്യ വസതിക്ക് മുകളിൽ ഇത്തരത്തിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മാധ്യമങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്നും ഇത് ഗുരുതരമായ ക്രിമിനൽ അതിക്രമമാണെന്നും ജയലക്ഷ്മി ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി. സുരേഷ് കുമാർ, റിപ്പോർട്ടർ ടിവിയിലെ ഡോ. അരുൺ കുമാർ എന്നിവർക്കെതിരെയും, ചാനൽ മാനേജ്മെന്റുകൾക്കുമെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, പൊതുശല്യം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബിഎൻഎസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും, ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ചാനലുകളുടെ ബിസിനസ് നേട്ടത്തിനായി സ്വകാര്യതയിലേക്ക് കടന്നുകയറിയതാണിതെന്നും, വീടിനുള്ളിലെ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനും സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും വ്യക്തമാക്കി ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് ജയലക്ഷ്മി പരാതി നൽകിയത്.
English Summary
Actor Dileep’s sister, S. Jayalakshmi, has filed a complaint with the Aluva police alleging that Reporter TV and Asianet News illegally flew a drone over Dileep’s residence, Padmasarovar, on December 8, the day the actress assault case verdict was delivered.
dileep-house-drone-surveillance-complaint-against-media
dileep, actress assault case, drone surveillance, media controversy, privacy violation, aluva police, reporter tv, asianet news









