കോട്ടയം: ശിവൻ എപ്പോഴെങ്കിലും പാപികളുടെ കൂടെ കൂടിയോ? മുത്തശ്ശിമാർക്കറിയില്ല; ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചിട്ടും രക്ഷയില്ല. ഒടുവിൽ മനസിലായി ആ കഥയറിയാവുന്ന വിദ്വാൻ സാക്ഷാൽ പിണറായി മാത്രമാണെന്ന്.
‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും…’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസത്തെ ചർച്ചാ വിഷയം.
പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു മലയാളികളുടെ സംശയം. സർവകലാശാലകളിലെ മുതിർന്ന മലയാളം അധ്യാപകർക്ക് പോലും അറിയാത്ത കഥ പിണറായി എങ്ങനെ പഠിച്ചു എന്നാണ് പലരുടേയും സംശയം. പുരാണം അരച്ചുകലക്കി കുടിച്ചവരോടും കാര്യം തിരക്കിയവർക്കും നിരാശയായിരുന്നു ഫലം. അങ്ങനെയൊരു ശിവപുരാണം കേട്ടിട്ടേയില്ലെന്നായിരുന്നു പലരുടെയും മറുപടി. തെക്കൻ കേരളത്തിൽ ഇങ്ങനെയൊരു ചൊല്ലില്ലെന്നും വടക്കൻ കേരളത്തിൽ എന്തെങ്കിലും കഥ കാണുമായിരിക്കുമെന്നും ചില സാഹിത്യകാരന്മാർ പറഞ്ഞു. ബിജെപിക്കാരും കോൺഗ്രസുകാരും പറഞ്ഞു ‘നിങ്ങൾ മൂപ്പരോട് തന്നെ ചോദിക്ക്’. എൽഡിഎഫുകാർക്കും മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിനെപ്പറ്റി വലിയ ധാരണയില്ലെന്ന്. മധ്യകേരളത്തിൽ ഇക്കഥ ചോദിച്ചവർക്കും അനുഭവം അതു തന്നെ.
ഒടുവിൽ കിട്ടിയ ഒരു ഉത്തരം ഇങ്ങനെ: പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതു പോലൊരു കഥയില്ല, ‘‘ഇതൊരു നാടൻ ചൊല്ലാണ്. സംസർഗോ ഗുണോ ദോഷോ ഭവന്തു എന്നതാണ് ചുരുക്കമെന്ന് പറഞ്ഞു തരുകയാണ് പ്രൊഫ.ദേശികം രഘുനാഥൻ.
വ്യക്തികളുമായുള്ള ഇടപെടൽ കൊണ്ട് ഗുണവും ദോഷവുമുണ്ടാകാം. ആരോട് ഇടപെട്ടാലും പഠിച്ചു മാത്രമേ ഇടപെടാൻ പാടുള്ളൂ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ചൊല്ലിന്റെ ചുരുക്കം. ഇവിടെ പാപി ദല്ലാൾ നന്ദകുമാറാണ്. ദല്ലാളിനോട് ചേർന്നാൽ ജയരാജനും പാപിയാകും എന്നതാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി ശരിക്കും ജയരാജനെ ശിവനായാണ് പറയുന്നത്. ശിവം എന്ന വാക്കിന്റെ അർഥം മംഗളം എന്നാണ്. അങ്ങേയറ്റം മംഗളം നിറഞ്ഞ വ്യക്തിയാണ് ശിവൻ. അത്രയേയുള്ളൂ ഇതും.