കണ്ണൂർ: നാഗ്പൂരിൽ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിന് ഇറങ്ങുന്നതിന് തലേന്ന് തലശേരി മാർക്കറ്റിലെ പച്ചക്കറി ചുമട്ടുകാരൻ ദേവാനന്ദിനെ തേടിയെത്തിയത്കേരളത്തിന്റെ സൂപ്പർ താരം സൽമാൻ നിസാറിന്റെ ഫോൺകാൾ. തന്നെ ആദ്യമായി പാഡണിയിച്ച് മത്സരത്തിനിറക്കിയ പരിശീലകന്റെ അനുഗ്രഹം വാങ്ങാനായിരുന്നു സൽമാൻ വിളിച്ചത്.
ഫൈനലിൽ,
തന്റെ ശിഷ്യരായ സൽമാനും അക്ഷയ് ചന്ദ്രനും രഞ്ജി ഫൈനൽ കളിക്കുന്നതിന്റെ സന്തോഷത്തിലാണ് നാൽപത് കൊല്ലമായി ടെലിച്ചേരി ക്രിക്കറ്റ് ക്ളബ്ബ് സെക്രട്ടറിയും പരിശീലകനുമായ ദേവാനന്ദ്.
അണ്ടർ പതിനാലിൽ ആദ്യമായി സൽമാൻ പാഡ് കെട്ടിയത് ദേവാനന്ദിന്റെ ക്ളബ്ബിന് വേണ്ടിയാണ്. ടെലിച്ചേരി ക്രിക്കറ്റിന്റെ രക്ഷാധികാരി എന്ന് ഈ 59കാരനെ വിളിക്കാം.
തലശ്ശേരി മാർക്കറ്റിലാണ് ചുമട്ടു ജോലിയെങ്കിലും ദേവാനന്ദിന്റെ മനസ് എപ്പോഴും മുനിസിപ്പൽ ഗ്രൗണ്ടിലാണ്. സീസണാകുമ്പോൾ ഉച്ചയോടെ പണി മതിയാക്കി ഗ്രൗണ്ടിലെത്തും.
ലീഗ് മത്സരങ്ങൾ വന്നാൽ ലീവെടുക്കുകയാണ് പതിവ്.
ഒ ലവൽ പരീക്ഷ പാസായ പരിശീലകനാണ് ദേവാനന്ദ്. ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് മൂലം ലവൽ വൺ പരീക്ഷ പാസാകാൻ സാധിച്ചില്ല.
കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ടറായിരുന്നു. ആദ്യകാലങ്ങളിൽ നല്ല പാഡും ബാറ്റും പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. വീട്ടിലെ ദാരിദ്ര്യവും പഠിക്കാനുള്ള മടിയും കാരണം ആറാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ജൂനിയർ ടീമിൽ ഇടം നേടി . 1986- 87ലാണ് പ്രൊഫഷണൽ ക്രിക്കറ്റിലെത്തുന്നത്. അന്ന് സുഹൃത്തുക്കൾക്കൊപ്പം രൂപീകരിച്ച ലക്കി എംബ്ലം എന്ന ക്ളബാണ് പിന്നീട് ടെലിച്ചേരി ക്രിക്കറ്റ് ക്ലബായി മാറിയത്.
പിണറായി വെണ്ടുട്ടായിലാണ് താമസം.ഭാര്യ: ഷൈനി.മക്കൾ: ഋദ്‌വേദ് ദേവ് ( അഞ്ചാം ക്ലാസ്),ഋത്വിക ദേവ്. (ബി.എസ്.സി. നഴ്സിംഗ്)