വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. തെരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ പ്രതിഷേധത്തിലെക്ക് കടക്കാനാണ് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികളുടെ നീക്കം. ദുരന്തത്തിൽ അകപ്പെട്ട 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.(Demand to continue search for those missing in Wayanad landslide disaster)
വയനാട്ടിൽ ഇപ്പോൾ തിരച്ചിൽ ഒന്നും തന്നെ നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു. ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങളും കണ്ടെത്തി. എന്നാല്‍ ഈ തെരച്ചില്‍ ആഴ്ചകളായി നിന്ന സാഹചര്യത്തിലാണ് വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ വിമർശനം കടുപ്പിക്കുന്നത്.
മൃതദേഹ ഭാഗമെങ്കിലും കിട്ടിയാല്‍ ബന്ധുക്കള്‍ക്ക് അത് നല്‍കുന്ന ആശ്വാസം സർക്കാർ കണക്കിലെടുക്കണമെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചു. നിയമസഭ ചേരുമ്പോള്‍ വിഷയം ഉന്നയിക്കുമെന്നും സർക്കാർ തെരച്ചില്‍ തുടർന്നില്ലെങ്കില്‍ സമരം ആരംഭിക്കാൻ മടിയില്ലെന്നും ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു. മരിച്ചവരെ കണ്ടെത്താൻ സർക്കാർ തെരച്ചില്‍ നടത്തിയില്ലെങ്കില്‍ ജനകീയ തെരച്ചില്‍ നടത്തുമെന്നാണ് കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖിന്‍റെ മുന്നറിയിപ്പ്.