മലപ്പുറം: വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. അസ്മയും ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജുദ്ദീനും കുടുംബവും മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തുകയായിരുന്നു. എന്നാൽ പ്രസവത്തിന് പിന്നാലെ അസ്മയുടെ മരണം സംഭവിച്ചു.
തുടർന്ന് ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു. ഇവിടെ വെച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് അസ്മയുടെ ഭർത്താവ് എതിരായിരുന്നു എന്നും ഇയാൾ അയൽവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ല എന്നുമാണ് വിവരം.
അതേസമയം യുവതിയുടെ മരണത്തിൽ പരാതിയുമായി കുടുംബം രംഗത്തെത്തി. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പറയുന്നു. വിഷയത്തിൽ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.