‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു
ന്യൂഡൽഹി ∙ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരസംഘം കഴിഞ്ഞ നാല് വർഷമായി സജീവമായിരുന്നുവെന്ന് റിപ്പോർട്ട്.
കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം, ജൂത മതവിശ്വാസിയുടെ ഉടമസ്ഥതയിലുള്ള ആഗോള കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
2025 നവംബർ 10-ന് നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
സംഘത്തെ അന്വേഷണസംഘം ‘വൈറ്റ് കോളർ’ ഭീകരസംഘം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗാസയിൽ ഇസ്രായേൽ സൈനിക നടപടികൾ നടത്തിയതിന്റെ പ്രതികാരമായി കോഫി ഷോപ്പുകൾ ലക്ഷ്യമിടാനായിരുന്നു തീരുമാനമെന്നുമാണ് റിപ്പോർട്ട്.
എന്നാൽ ആക്രമണ ലക്ഷ്യത്തിൽ സംഘത്തിനകത്ത് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. സംഘത്തിലെ ഒരു വിഭാഗം കശ്മീരിൽ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തണമെന്ന് വാദിച്ചിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടുകൾ പറയുന്നു.
നവംബർ–ഡിസംബർ മാസങ്ങളിൽ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലായി നിരവധി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്നും, ജമ്മു കശ്മീർ പൊലീസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ തുടർനീക്കങ്ങൾ തടയാൻ സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ശാസ്ത്രീയ തെളിവുകളും പ്രതികളുടെ മൊഴികളും ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭീകര ശൃംഖലയുടെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും, ഡൽഹി സ്‌ഫോടന കേസിൽ പ്രതികളുടെ കൃത്യമായ പങ്ക് വ്യക്തമാക്കുന്ന വിശദമായ കുറ്റപത്രം അന്വേഷണസംഘം ഉടൻ സമർപ്പിക്കുമെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.
English Summary
Investigators probing the Delhi car blast near the Red Fort have found that the accused “white-collar” terror module had been active for nearly four years. The arrested group, reportedly including doctors, allegedly planned attacks on outlets of a global coffee chain owned by a Jewish businessman, though internal differences emerged over targeting Kashmir instead. A detailed charge sheet is expected soon.
delhi-red-fort-car-blast-white-collar-terror-module-coffee-outlet-attack-plot
Delhi, Red Fort, Car Blast, Terror Module, White Collar Terror, Investigation, Doctors Arrested, Coffee Chain, Attack Plot, National Security









