മോദി സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച് വീണ്ടും പാർലമെന്റിലേക്ക് കർഷക മാർച്ച്. ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരവും കാർഷിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് യുപിയിൽ നിന്നുള്ള കർഷക സംഘടനകൾ മാർച്ചുമായി വീണ്ടും രംഗത്തെത്തുന്നത്.
ഭാരതീയ കിസാൻ പരിഷത്തും (ബികെപി) കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം), സംയുക്ത് കിസാൻ മോർച്ചയും (എസ്‌കെഎം) ഉൾപ്പെടെയുള്ള കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം നൽകിയത്. കാൽനടയായും ട്രാക്ടറുകളിലുമായാണ് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നത്.
ഡൽഹി ചലോ മാർച്ച് എന്നാണ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്. മാർച്ചിന്റെ പശ്ചാത്തലത്തിൽ കടുത്ത സുരക്ഷയാണ് ഡൽഹി-യുപി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ബാരിക്കേഡുകൾ സ്ഥാപിച്ചും , വാഹനങ്ങൾ പരിശോധിച്ചും റൂട്ടുകൾ വഴിതിരിച്ചുവിട്ടും സമരത്തിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഡൽഹി പോലീസ്. ഇതോടെ ഡൽഹി റോഡുകളിൽ വലിയ ഗതാഗതകുരുക്കാണ്.
കേന്ദ്ര സർക്കാരുമായി നടത്തിയ സമവായചർച്ച പൊളിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരിയിലും കർഷകർ ഡൽഹി ചലോ മാർച്ച് നടത്തിയിരുന്നു. കർഷക മാർച്ചും ട്രാക്ടർ റാലിയും കേന്ദ്ര സർക്കാരിനു വലിയ തലവേദനയാണ് ഉണ്ടാക്കിയത്.