കുരങ്ങിനെ പോലെ കരയാനറിയുമോ? നല്ല ശമ്പളത്തിൽ ജോലി കിട്ടും നിയമസഭയിൽ
ന്യൂഡൽഹി: ഡൽഹി നിയമസഭാ വളപ്പിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമായതോടെ അവയെ തുരത്താൻ വീണ്ടും ജീവനക്കാരെ നിയമിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു.
വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ഇല്ലെങ്കിലും, ലങ്കൂർ കുരങ്ങുകളുടെ ശബ്ദം കൃത്യമായി അനുകരിക്കാൻ കഴിയണമെന്നതാണ് പ്രധാന യോഗ്യത. കുരങ്ങന്മാരെ പേടിപ്പിച്ച് ഓടിക്കുക എന്നതാണ് ജോലി.
നിയമസഭാ പരിസരത്ത് ശല്യം സൃഷ്ടിക്കുന്ന റീസസ് വർഗത്തിലുള്ള കുരങ്ങന്മാരെ തുരത്തുന്നതിനായാണ് കരാർ അടിസ്ഥാനത്തിൽ നിയമനം. മുൻകാലങ്ങളിൽ പാർലമെന്റ് അടക്കമുള്ള സ്ഥലങ്ങളിൽ യഥാർത്ഥ ലങ്കൂറുകളെ പരിശീലകരുടെ സഹായത്തോടെ ഉപയോഗിച്ചിരുന്നു.
എന്നാൽ മൃഗാവകാശ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഈ സംവിധാനം നിർത്തലാക്കി. പിന്നാലെ ലങ്കൂർ വേഷം ധരിച്ച ആളുകളെയാണ് നിയോഗിച്ചത്.
ഇവർ പ്രത്യേക ശബ്ദങ്ങൾ ഉണ്ടാക്കി, വടി വീശി കുരങ്ങന്മാരെ ഓടിക്കും. കുരങ്ങന്മാരെ ഉപദ്രവിക്കരുതെന്ന് കർശന നിർദേശവുമുണ്ട്.
ദിവസം എട്ട് മണിക്കൂറാണ് ജോലി സമയം. ശനിയാഴ്ചയും ജോലി ചെയ്യണം. മുമ്പ് നിയമസഭാ വളപ്പിൽ കുരങ്ങന്മാരെ പേടിപ്പിക്കാൻ ലങ്കൂറുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും, തുടക്കത്തിൽ ഭയന്ന കുരങ്ങന്മാർ പിന്നീട് കട്ടൗട്ടുകളുടെ മുകളിലിരുന്ന് വിശ്രമിക്കുന്ന അവസ്ഥയിലേക്കാണ് എത്തിയത്.
2017ൽ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ കുരങ്ങൻ അകത്തേക്ക് കയറി സഭാ നടപടികൾ തടസപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
നിയമസഭാ മന്ദിരത്തിന്റെ പരിസരത്തുള്ള കുരങ്ങന്മാർ ഓഫീസുകളിൽ കയറി ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതും ആന്റിന, വയർ, സ്വിച്ച്ബോർഡ് തുടങ്ങിയവ നശിപ്പിക്കുന്നതും പതിവാണ്.
ഇതുവരെ കുരങ്ങന്മാരെ തുരത്താൻ നിയോഗിച്ചിരുന്ന ജീവനക്കാരുടെ കരാർ അവസാനിച്ചതിനാൽ പുതിയ നിയമനത്തിനായി ടെൻഡർ ക്ഷണിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary
The Delhi government has decided to hire contract staff to drive away monkeys from the Delhi Assembly premises due to increasing nuisance. The main requirement is the ability to imitate the sound of langur monkeys. Earlier methods, including real langurs and cutouts, failed over time, prompting the authorities to seek trained imitators to scare away monkeys without harming them.
delhi-assembly-langur-sound-job-monkey-menace
Delhi Assembly, Monkey Menace, Langur Sound Job, Public Works Department, Delhi News, Wildlife Nuisance, Government Recruitment









