കൊല്ലം: കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്താൻ മുക്കിന്റെ പേര് മാറ്റാൻ തീരുമാനം.
ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് പാകിസ്താൻ മുക്കിന്റെ പേര് മാറ്റാൻ തീരുമാനമായത്.
പഞ്ചായത്തിലെ ബിജെപി അംഗങ്ങളാണ് പാകിസ്താൻ മുക്കിന്റെ പേരുമാറ്റണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചത്. ഐവർകാല എന്ന പേരിലാണ് സ്ഥലം അറിയപ്പെടുക.
കുന്നത്തൂർ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെ 17 അംഗങ്ങളിൽ 16 പേരും നിർദ്ദേശത്തെ അനുകൂലിച്ചു.
എന്നാൽ സിപിഎമ്മിന്റെ പഞ്ചായത്ത് അംഗം ഇതിനെ എതിർത്തു. യോഗത്തിന്റെ മിനിറ്റിസ് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് സർക്കാർ അനുമതിയോടെ ഔദ്യോഗികമായി പേര് നീക്കം ചെയ്യും.
ശത്രുരാജ്യമായ പാകിസ്താന്റെ പേരിൽ സ്വന്തം നാട് അറിയപ്പെടുന്നത് നാണക്കേടാണെന്നും പേരുമാറ്റണമെന്നും പ്രദേശവാസികൾ നേരത്തെ ആവശ്യപ്പട്ടിരുന്നു.
കൊല്ലം-പത്തനംതിട്ട അതിർത്തിയായ കടമ്പനാട്ട് നിന്നും രണ്ട് കിലോ മിറ്റർ അകലെയാണ് പാകിസ്താൻ മുക്ക് എന്ന പ്രദേശം. ഐവർക്കവല പടിഞ്ഞാറ്- വടക്ക് വാർഡിലാണ് ഈ സ്ഥലം.
ഏഴ് പതിറ്റാണ്ടായി സ്ഥലം പാകിസ്താൻ മുക്ക് എന്നാണ് അറിയപ്പെടുന്നത്. നേരത്തെയും പേരുമാറ്റാനുള്ള ശ്രമം നടന്നിരുന്നു.
ശാന്തിസ്ഥാൻ എന്ന പേരാണ് പ്രദേശവാസികൾ നിർദ്ദേശിച്ചത്. രാഷ്‌ട്രീക്കാർ മറ്റ് പല പേരുകളും മുന്നോട്ട് വച്ചു. പക്ഷെ അതൊന്നും പ്രാബല്യത്തിൽ വന്നില്ല.