പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരന്റെ പേര്. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കെപിസിസി നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. കെ. മുരളീധരനെ മത്സരിപ്പിച്ചത് ബിജെപിയെ തോല്‍പ്പിക്കാന്‍ അത് ഗുണം ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(DCC nominated k muraleedharan as the UDF candidate; letter is out)
മുരളീധരനെ മത്സരിപ്പിക്കുക എന്നത് ഡിസിസി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണെന്നും പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ മുരളീധരനാണ് യോഗ്യനെന്നും കത്തില്‍ പറയുന്നു. പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ ഒരു തരത്തിലും പരീക്ഷണം നടത്താൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്.
അതേസമയം കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വിഡി സതീശൻ പ്രതികരിച്ചു. അതൊക്കെ കഴിഞ്ഞു പോയ അധ്യായമാണെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നുവെന്നും അതാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.