കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം നടന്ന്ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേരും ഇപ്പോഴും ഒളിവിൽ തന്നെ. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇന്നലെ ആറുപേർ അറസ്റ്റിലായതോടെ, പ്രതിപ്പട്ടികയിൽ പതിനെട്ടുപേരായി. ആത്മഹത്യപ്രേരണ, റാഗിങ് നിരോധന നിയമം എന്നിവയാണ് പൊലീസ് ചുമത്തിയത്. ക്രിമിനൽ ഗൂഢാലോചന കൂടി ചുമത്താൻ പാകത്തിനുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു എന്നാണ് റിപ്പോർട്ടുകൾ. കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ് എഫ്ഐ ഭാരവാഹി അഭിഷേകും, സിദ്ധാർത്ഥനെ വിളിച്ചു വരുത്തിയ രഹനും ഇന്നലെ അറസ്റ്റിലായിരുന്നു. എന്നാൽ ഇന്ന് കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് സൂചന. പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥാണ് മരിച്ചത്.