യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെയാണ് ആ വാർത്ത എത്തിയത്. ഒന്നുമറിയാതെ, കൊഞ്ചിയും ഓടിക്കളിച്ചും എല്ലാവര്ക്കും പ്രിയങ്കരിയായി നടന്ന ആ മാലാഖ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സ്പാള്‍ഡിങ്ങില്‍ താമസിക്കുന്ന അനിത ജിനോ ദമ്പതികളുടെ ഒരു വയസ്സ് തികയാത്ത കുഞ്ഞുമോൾ അഥീനയാണ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. Daughter of Malayali couple died of pneumonia in UK
പ്രസവ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാന്‍ അനിത തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി വന്നപ്പോള്‍ തന്നെ ജിപിയെ വിളിക്കുകയും തുടര്‍ന്ന് സാധാരണ പോലെ പാരസിറ്റാമോള്‍ നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ പനി വിട്ടുമാറാതെ വന്നതോടെ ആശുപത്രിയില്‍ എത്തി. എന്നാൽ വൈകാതെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ന്യുമോണിയ സ്ഥിരീകരിക്കുമ്പോഴും വീട്ടിലെ ചികിത്സ മതിയെന്ന നിര്‍ദേശമാണ് ആശുപത്രിയിൽ നിന്നും നൽകിയത് എന്ന ആരോപണം നിലനിൽക്കുന്നു. കുഞ്ഞ് അവശ നിലയില്‍ ആകുമ്പോഴാണ് പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴും അസാധാരണമായി ഒന്നും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടിയും കുറഞ്ഞും നിന്ന പനിയും ശ്വാസ തടസവും അല്ലാതെ മറ്റൊരു കാരണവും കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി ആശങ്കപ്പെടാനും ഉണ്ടായിരുന്നില്ല.
ഇതിനിടയില്‍ വേണമെങ്കില്‍ വീട്ടിലേക്ക് മടങ്ങാനും ഉള്ള നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം വൈകിട്ട് തികച്ചും അപ്രതീക്ഷിതമായി കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
അടുത്ത മാസം അവസാനം അഥീനയ്ക്ക് ഒരുവയസുതികയുമായിരുന്നു. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അവളുടെ മാതാപിതാക്കളായ ജിനോയും അനിതയും. അതിനിടയിലാണ് അതീവ ദുഖകരമായ സംഭവം. കുഞ്ഞുമോള്‍ വിട്ടകന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാനാകാതെ തരിച്ചിരിക്കുന്ന മാതാപിതാക്കളുടെ മുഖത്തു നോക്കാന്‍ പോലും അധൈര്യപ്പെടുകയാണ് സമീപ വാസികളായ മലയാളി കുടുംബങ്ങള്‍.