കോഴിക്കോട്: ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തമിഴ്നാട്ടിലാണ് നാശം വിതച്ചതെങ്കിലും പണികിട്ടിയത് മലയാളികൾക്കാണ്. സംസ്ഥാനത്ത് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ കീശ കാലിയാകുന്നു. കേരളത്തിൽ പച്ചക്കറി സീസൺ അല്ലാത്തതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ചെയ്തതോടെ വൻവിലക്കയറ്റമാണ് പച്ചക്കറി വിപണിയിൽ.
മുരിങ്ങക്കായ, നേന്ത്രപ്പഴം, കാരറ്റ്, കിഴങ്ങുവർഗങ്ങൾ, ബീറ്റ്റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും. തക്കാളി വിലയും കുതിച്ചുയരുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളംതെറ്റി. പച്ചക്കറി വാങ്ങാനെത്തുന്നവർ വില ചോദിച്ച് തിരിച്ചുപോവുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. തുച്ഛവിലക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്കുവരെ 60-70 ആണ് കിലോക്ക് വില.
സവാള, വെളുത്തുള്ളി തുടങ്ങിയവക്ക് നേരത്ത വർധിച്ച വില ഇപ്പോഴും കുറഞ്ഞിട്ടില്ല. മുരിങ്ങക്കായ കിലോക്ക് 450 വരെയാണ് വില. മൊത്തവിപണിയിൽ ആണെങ്കിൽ 320 മുതൽ 350 വരെ നൽകണം. ഒരുകിലോ നേന്ത്രപ്പഴത്തിന് 70-75 രൂപ വേണം. മൊത്തവിപണയിൽ 60-65 ആണ് വിലയെന്നും ഇതിലും കൂടിയാൽ വാങ്ങാൻ ആളുണ്ടാവില്ലെന്നുകരുതിയാണ് ഈ വിലക്ക് വിൽക്കുന്നതെന്നും ചില്ലറ വ്യാപാരികൾ പറയുന്നു.
വില വിവരം
മുരിങ്ങ – 450
നേന്ത്രപ്പഴം – 70-75
പച്ചക്കായ – 50-60
തക്കാളി – 45-50
വലിയുള്ളി – 75-80
കാരറ്റ് – 80-90
ബീറ്റ് റൂട്ട് – 80-90
വെണ്ട – 60
കാബേജ് – 50
കൂർക്കൽ – 100
പാവക്ക – 40