കേരളത്തിൽ കാലവർഷം ആരംഭിച്ചുകഴിഞ്ഞു. നാടാകെ കനത്ത മഴ തകർക്കുകയാണ്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇന്നലെ കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഉൾപ്പെടെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇതിന് പിന്നിൽ മേഘ വിസ്ഫോടനം എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. എന്താണ് ഈ മേഘവിസ്ഫോടനം എന്ന് നോക്കാം :
കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനമുണ്ടാക്കുന്നത്. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ മേഘമാണിത്. മണിക്കൂറിൽ പത്തു സെന്റിമീറ്റർ (100 മില്ലിമീറ്റർ) മഴ പെയ്യുന്നതിനെയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനമെന്നു പറയുന്നത്. ഇത്തരം മഴയെ മിനി ക്ലൗഡ് ബേസ്‌റ്റ് അഥവാ ലഘു മേഘവിസ്ഫോടനംഎന്നാണു വിളിക്കുന്നത്. കേരളം പോലെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ (50 മില്ലിമീറ്റർ) മഴയാണെങ്കിൽപോലും വലിയ നാശനഷ്ടമുണ്ടാവും. ഇത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കു കാരണമാകും. പശ്ചിമഘട്ടത്തിൽ ഇതു പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമാകും. സാധാരണയായി മേഘവിസ്‌ഫോടനം ചെറിയ പ്രദേശത്തു (1520 ചതുരശ്ര കിലോമീറ്റർ) മാത്രമാണു ബാധിക്കുക.
സാധാരണഗതിയിൽ ഈർപ്പം നിറഞ്ഞ വായു ഭൗമോപരിതലത്തിൽനിന്ന് ബാഷ്പീകരിച്ച് അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽനിന്ന് ആരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്തുന്നു. ഇതാണ് പെട്ടെന്നുള്ള കനത്ത മഴയ്ക്കു കാരണമാകുന്നത്.
പോസ്റ്റുകൾ മുറിഞ്ഞു, വൈദ്യുതി ലൈനുകൾ നശിച്ചു; കനത്ത മഴയിൽ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം