400 കോടി രൂപയുടെ നികുതി വെട്ടിപ്പ്; മലയാളികൾ പിടിയിൽ
കൊച്ചി: ക്രിപ്റ്റോ കറൻസി വഴി 400 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ വൻതട്ടിപ്പ് കണ്ടെത്തിയതായി ആദായനികുതി വകുപ്പ്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി എട്ട് കേന്ദ്രങ്ങളിൽ മൂന്നു ദിവസം നീണ്ട റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്.
കോഴിക്കോട് ആസ്ഥാനമായ സംഘം നടത്തിയ 100 കോടിയുടെ നികുതി വെട്ടിപ്പ് കഴിഞ്ഞ ജനുവരിയിൽ കണ്ടെത്തിയതിന്റെ തുടർനടപടിയായിരുന്നു ഈ റെയ്ഡ്.
കോഴിക്കോട് സ്വദേശിയായ ഒരു പരിശീലന സ്ഥാപന ഉടമയും സൗദിയിലും ഇന്തോനേഷ്യയിലുമുള്ള പൂക്കച്ചവട ബിസിനസുകാരനുമാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ.
തട്ടിപ്പിന്റെ രീതി
ഇന്ത്യയിൽ ഇന്ത്യൻ കറൻസി നൽകി രഹസ്യ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ക്രിപ്റ്റോ കറൻസി വാങ്ങി നൽകുന്ന ഇടനിലക്കാരായ യുവാക്കളാണ് ഇടപാടുകൾ നടത്തിയത്.
ഇവർ വാങ്ങിയ ക്രിപ്റ്റോ പിന്നീട് സൗദിയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശിയിലൂടെ വിറ്റഴിച്ചിരുന്നു.
പൂക്കച്ചവടത്തിന്റെ മറവിൽ നടന്ന ഈ ഇടപാടുകൾ വാലറ്റിലാക്കി വിദേശത്തേക്ക് കൈമാറുകയും, അവിടെ വിദേശ നാണ്യത്തിൽ വിറ്റഴിക്കുമ്പോൾ പലയിരട്ടി വില ലഭിക്കുകയും ചെയ്തിരുന്നു.
ഇത് തുടർന്ന് എൻആർഐ ബാങ്ക് അക്കൗണ്ടുകളിലൂടെയോ ഹവാല മാർഗത്തിലൂടെയോ കേരളത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
ഇന്ത്യയിൽ ₹1 ലക്ഷം മുടക്കി വാങ്ങിയ ക്രിപ്റ്റോ വിദേശത്ത് വിറ്റ് തിരിച്ചെത്തുമ്പോൾ ₹4–₹5 ലക്ഷം രൂപയായാണ് മാറിയത് — അതും നികുതി ഒഴിവാക്കി.
റെയ്ഡിൽ കണ്ടെത്തലുകൾ
400 കോടി രൂപയുടെ നികുതി വെട്ടിച്ചതിന്റെ രേഖകൾ ലഭിച്ചതായി ആദായനികുതി വൃത്തങ്ങൾ അറിയിച്ചു.
ഓൺലൈൻ വഴി ക്രിപ്റ്റോ വാങ്ങി നൽകുന്ന ഇടനിലക്കാരിൽ പത്താം ക്ലാസുകാരിൽ നിന്ന് എഞ്ചിനിയറിംഗ് ബിരുദധാരികൾ വരെയുളള യുവാക്കളാണ് ഉൾപ്പെട്ടത്.
ഇവരുടെ വീടുകളിലാണ് മലപ്പുറത്ത് റെയ്ഡ് നടന്നത്. ഇടനിലയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
English Summary:
The Income Tax Department has uncovered a ₹400 crore tax evasion racket involving cryptocurrency trading and hawala channels in Kerala. Raids conducted over three days at eight locations in Malappuram and Kozhikode led to the seizure of crucial documents.
The operation follows a previous ₹100 crore tax evasion case detected in Kozhikode earlier this year. The main accused include a local training institute owner and a businessman running flower trading operations in Saudi Arabia and Indonesia — allegedly used as a front for crypto dealings.









