തായ്‌ലൻഡിൽ പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു
ബാങ്കോക്ക്: തായ്‌ലൻഡിൽ വൻ ട്രെയിൻ ദുരന്തം. ഓടിക്കൊണ്ടിരുന്ന പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് നിർമാണത്തിലിരുന്ന ക്രെയിൻ തകർന്നു വീണുണ്ടായ അപകടത്തിൽ 28 പേർ മരിക്കുകയും ഒരു വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 80 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പലരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ ആകെ 195 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
നഖോൺ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അടുത്ത സ്റ്റേഷനിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപ്രതീക്ഷിതമായി ട്രെയിനിന് മുകളിലേക്ക് ഭീമാകാരമായ ക്രെയിൻ പതിക്കുകയായിരുന്നു. തായ്‌ലൻഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ക്രെയിനാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ ആഘാതത്തിൽ ട്രെയിനിന്റെ ചില കോച്ചുകൾ പാളം തെറ്റുകയും ഒരു കോച്ചിൽ തീപിടിത്തമുണ്ടാകുകയും ചെയ്തു. തീപിടിത്തം യാത്രക്കാരിൽ കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
ട്രെയിനിലുണ്ടായിരുന്നത് കൂടുതലും വിദ്യാർഥികളും തൊഴിലാളികളുമായിരുന്നു. അപകടവിവരം അറിഞ്ഞതോടെ രക്ഷാപ്രവർത്തന സംഘങ്ങളും അഗ്‌നിരക്ഷാസേനയും മെഡിക്കൽ ടീമുകളും സ്ഥലത്തെത്തി.
തായ്‌ലൻഡിൽ പാസഞ്ചർ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു
യാത്രക്കാരെ ഉടൻ കോച്ചുകളിൽ നിന്ന് പുറത്തേക്കു മാറ്റി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി തായ്‌ലൻഡിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പ്രത്യേക പരിചരണത്തിനായി വലിയ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ ഗതാഗത തടസ്സമാണ് ഉണ്ടായത്. മേഖലയിൽ ഓടുന്ന നിരവധി ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു.
യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം ആരംഭിച്ചതായി തായ്‌ലൻഡ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, നിർമാണ പ്രവർത്തനങ്ങളിൽ അശ്രദ്ധ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തായ്‌ലൻഡ് സർക്കാർ മുന്നറിയിപ്പ് നൽകി.









