പി.വി.അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. CPM workers against PV Anwar.
അൻവറിന്റെ ചിത്രം ഉൾപ്പെടുത്തിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഇരുന്നൂറിലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും അൻവറിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്നു നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്തെ 18 ഏരിയാ കമ്മിറ്റികളും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കയ്യും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു.
താൻ പറയുന്നത് ശരിയാണെന്നു പ്രവർത്തകരുടെ മനസിലുണ്ടെന്നും പാർട്ടി സെക്രട്ടറി പറഞ്ഞാൽ പ്രകടനത്തിൽ പങ്കെടുക്കാതിരിക്കാൻ പ്രവർത്തകർക്ക് കഴിയില്ലെന്നും ആ അർഥത്തിലേ പ്രകടനത്തെ കാണുന്നുള്ളൂ എന്നും പി.വി.അൻവർ പറഞ്ഞു.









