സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരിൽ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.CPM state secretariat meeting today
തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂർ സിപിഎം. ഈ നിലപാട് തിരുത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തന്നെയാകും സെക്രട്ടേറിയറ്റിൽ പ്രധാനമായും വിലയിരുത്തപ്പെടുക
അതേസമയം അറസ്റ്റിലായ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
തെറ്റ് ചെയ്തുവെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴി പരിശോധിക്കണമെന്നും ആവശ്യമുണ്ട്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കളക്ടറോട് പറഞ്ഞതില്‍ പൂര്‍ണ മൊഴിയില്ല. സാക്ഷിയായ പ്രശാന്തിന്റെ പൂര്‍ണമൊഴി ഹാജരാക്കിയില്ലെന്നും ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദിവ്യയുടെ ജാമ്യ ഹര്‍ജിയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. കുടുംബം ഹര്‍ജിയില്‍ എതിര്‍കക്ഷി ചേരും. ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യമാകും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുന്നോട്ടുവെക്കുക. താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി ദിവ്യ. അഴിമതിക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നുമാണ് ദിവ്യയുടെ മൊഴി. ദിവ്യയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം