സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാന്‍ വ്യത്യസ്ത വഴി തേടി സിപിഎം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വഴി ഇത് നേടാനാണ് നീക്കം. എല്ലാ ജില്ലകളിലും പ്രതിഫലം നല്‍കി വിദഗ്ധരെ നിയോഗിച്ചാണ് ഉള്ളടക്കം തയ്യാറാക്കുക.
ജില്ലാതല നവമാധ്യമസമിതികള്‍ക്കു പുറമേയാണിത്. ഇവരുടെമേല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല എന്നാണറിയുന്നത്. കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിലെ ചെറുവീഡിയോകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ പരാമര്‍ശിക്കുകയാണ് രീതി.
കൃഷി, വ്യവസായം, കല, യാത്ര, പാചകം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിലെ സാമൂഹികമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ജനപ്രിയ പരിപാടികള്‍ക്കിടയിലൂടെ പാര്‍ട്ടി ആശയങ്ങളും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കാനാണ് പരിപാടി. ചെറിയതോതില്‍ ആരംഭിച്ച പരിപാടി ജൂണ്‍മാസത്തോടെ വിപുലമാക്കുമെന്നാണ് വിവരം.
യാത്രാ വ്‌ലോഗുകള്‍ ചെയ്യുന്നവരെക്കൊണ്ട്, കേരളത്തിലെ മികച്ച റോഡുകളെക്കുറിച്ച് പറയിപ്പിക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നവീകരിച്ച പൊതുമരാമത്ത് െറസ്റ്റ് ഹൗസുകളുടെ വിശേഷങ്ങളും ഇവര്‍ പ്രചരിപ്പിക്കും.
പാര്‍ട്ടിയുമായി ബന്ധമുള്ളവരെയും ഇല്ലാത്തവരെയും പ്രതിഫലം നല്‍കി ഇതിനായി നിയോഗിച്ചു തുടങ്ങിയെന്നാണ് അറിയുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ‘പിതൃത്വം’ സംബന്ധിച്ച് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങള്‍ പ്രതിരോധിക്കാനടക്കം ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചിരുന്നു.
എം.വി. നികേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനതല നവമാധ്യമസമിതി തയ്യാറാക്കുന്ന ഉള്ളടക്കങ്ങളും രാഷ്ട്രീയമേലങ്കിയില്ലാത്ത സാമൂഹികമാധ്യമ ഇൻഫ്ളുവൻസർമാരിലൂടെ ജനങ്ങളിലെത്തിക്കും. എന്നാൽ, ‘സിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ടെന്നും പ്രതിപക്ഷത്തെ കടന്നാക്രമിക്കേണ്ടെന്നും’ ഇവരോട് പറഞ്ഞിട്ടുണ്ട്.









