തല്ക്കാലം പേടിക്കാനില്ല. ദേശീയ പാർട്ടിയെന്ന പദവി സിപിഎമ്മിന് 2026 വരെ നിലനിർത്താം. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ ‘4 സംസ്‌ഥാനങ്ങളിൽ സംസ്‌ഥാന പാർട്ടി’ എന്ന അംഗീകാരമാണ് നിലവിൽ സിപിഎമ്മിനു ദേശീയ പാർട്ടി പദവി നൽകുന്നത്. കേരളം, ത്രിപുര, ബംഗാൾ, തമിഴ്നാട് എന്നിവയാണ് 4 സംസ്ഥാനങ്ങൾ. 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ ബലത്തിൽ തൽക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാർട്ടിയായി തുടരാം.
നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്സഭയിലേക്കോ നിയമസഭയിലേക്കോ 6% വോട്ട് എങ്കിലും ലഭിക്കുക. ഒപ്പം, ലോക്സഭയിൽ മൊത്തം 4 അംഗങ്ങളെങ്കിലും വേണം, ലോക്സഭാ സീറ്റിന്റെ 2% (11 സീറ്റ്) വേണം. എംപിമാർ 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ആയിരിക്കണം, 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പദവി, ഇവയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങൾ. ഇവയിൽ മൂന്നാമത്തെ വ്യവസ്ഥ അനുകൂലമായാണ് പാർട്ടിക്ക് ഇത്തവണ രക്ഷയാകുന്നത്.
എന്നാൽ, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും ബംഗാളിലും നേടുന്ന സീറ്റുകളുടെ എണ്ണത്തിന് ദേശീയ പദവി നിലനിർത്തുന്നതിൽ പ്രാധാന്യമുണ്ട്. 2 സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റു വീതമെങ്കിലും ജയിക്കേണ്ടത് ദേശീയ പാർട്ടി പദവി നിലനിർത്താൻ ആവശ്യമാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 26 സീറ്റിന്റെ ബലത്തിലാണു ബംഗാളിൽ സംസ്ഥാന പാർട്ടി പദവി പാർട്ടി നിലനിർത്തിപ്പോരുന്നത്.