ന്യൂസ് ഡസ്ക്ക് : കോർപറേറ്റ് കമ്പനികൾ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ പരസ്യം നൽകുന്ന ലിങ്ക്ഡിൻ സാമൂഹിക മാധ്യമത്തിലാണ് സിപിഐഎംന്റെ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് എതിരാളികളില്ലാതെ പശ്ചിമ ബംഗാൾ ഭരിച്ച സിപിഐഎം ഘടകത്തിന്റേതാണ് പരസ്യം. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും , എതിരാളികളായ ബിജെപിയും കായികമായി നേരിട്ടതോടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് സിപിഐഎം. ഓരോ നാളും പാർട്ടിയിൽ നിന്ന് കൊഴിഞ്ഞ് പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇപ്പോൾ മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ലാത്ത അവസ്ഥ. അത് കൊണ്ടാണ് പരസ്യം നൽകിയെങ്കിലും സഖാക്കളെ കണ്ടെത്താമെന്ന് സിപിഐഎം ബംഗാൾ ഘടകം തീരുമാനിച്ചത്. നവ മാധ്യമങ്ങളിലെ ഇടപെടലിനാണ് പ്രധാനമായും ആളെ തേടുന്നത്. ഇതോടൊപ്പം പാര്‍ട്ടിയുടെ സാമ്പത്തിക മേല്‍നോട്ടം, ഓഫീസ് നടത്തിപ്പ്, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുളള വിവര ശേഖരണം എന്നിവയ്ക്കും ആളെ വേണമെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നു. ഇടത് രാഷ്ട്രീയത്തിനായി അണി ചേരു എന്നാണ് പരസ്യത്തിലെ മുദ്രാവാക്യം. ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയൊന്നും പരസ്യത്തിൽ പ്രത്യേകമായി പറയുന്നില്ല. പാര്‍ട്ടിയംഗങ്ങള്‍ നേരത്തെ ചെയ്തിരുന്ന ജോലികള്‍ക്കാണ് ഇപ്പോള്‍ ജീവനക്കാരെ തേടുന്നത്.
ഓഫീസുകളെല്ലാം എതിരാളികൾ കൈയ്യേറി.
2011 ലാണ് അവസാനമായി സിപിഐഎം പശ്ചിമ ബംഗാളിൽ അധികാരത്തിൽ ഇരുന്നത്. അതിന് ശേഷം തൃണമൂൽ കോൺഗ്രസ് ഭരിക്കുന്നു. പാർട്ടിയ്ക്ക് നിലവിൽ ഒരു നിയമസഭാ അംഗം പോലും പശ്ചിമ ബംഗാളിൽ ഇല്ല. 35 വർഷം അധികാരത്തിൽ ഇരുന്ന പാർട്ടി ജനങ്ങളുമായി വളരെയേറെ അകന്നുവെന്നാണ് വിമർശനം. ബുദ്ധദേവ് ഭട്ടചാര്യ സർക്കാരിന്റെ കാലത്ത് കൈകൊണ്ട പല ജനവിരുദ്ധ നയങ്ങളും വലിയ തിരിച്ചടിയായി. പാർട്ടി ഭരിച്ച മറ്റൊരു സംസ്ഥാനമായ ത്രിപുരയിലും സിപിഐഎംന്റെ അവസ്ഥ അതീവശോചനീയമാണ്. സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷത്താണ് എന്നത് മാത്രമാണ് ഏക ആശ്വാസം.
Read Also : ഉളുപ്പുണ്ടോ ഇന്ത്യൻ ക്രിക്കറ്റ് ടീമേ? ചോദ്യവുമായി ആരാധകർ