നാല് മന്ത്രിമാരും പരാജയം, പിണറായിപ്പേടി; മാവേലി സ്റ്റോറുകൾ പൂച്ചയുടെ പ്രസവമുറികൾ; പാറ്റകൾപോലും പട്ടിണി
തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങളിൽ സിപിഐയുടെ മന്ത്രിമാർക്കും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനും രൂക്ഷ വിമർശനം. പാർട്ടിയുടെ നാല് മന്ത്രിമാരും പരാജയമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ പേടിയാണെന്നും വിമർശനം ഉയർന്നു. ഏറ്റവും ഒടുവിൽ സിപിഐയുടെ ശക്തി കേന്ദ്രമായ കൊല്ലത്ത് നടന്ന ജില്ലാ സമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രതിനിധികളുടെ രോക്ഷ പ്രകടനം പുറത്തു വന്നത്. ബിനോയ് വിശ്വം വളരെ ദുർബലനായ സെക്രട്ടറിയാണെന്നും നിലപടുകളിൽ വ്യക്തത ഇല്ലെന്നും വിമർശനം.
മുഖ്യമന്ത്രിയുടെ പി ആറിനു വേണ്ടി നവകേരള സദസ്സിനെ ഉപയോഗിക്കുകയായിരുന്നു. പാർട്ടിയിലെ ചിലർ സ്തുതിപാഠകരായി ആയി മാറിയെന്നും വിമർശനം ഉണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് ഏകാധിപധിയെ പോലെ പെരുമാറുകയാണ്. പാർട്ടിയുടെ നെടുമങ്ങാട് എം എൽ എ യും ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ ജി ആർ അനിലിന്റെ മാവേലി സ്റ്റോറുകൾ പൂച്ചയുടെ പ്രസവമുറികളായെന്ന് കുന്നത്തൂരിൽനിന്നുള്ള പ്രതിനിധി ആക്ഷേപം ഉയർത്തി. മാവേലി സ്റ്റോറുകളിൽ പാറ്റകൾപോലും പട്ടിണിയാണെന്ന് കൊല്ലം ഈസ്റ്റിൽനിന്നുള്ള പ്രതിനിധി പരിഹാസമായി ചർച്ചയിൽ ഉന്നയിച്ചു. പാർട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോൾ സിപിഎമ്മിന്റെ ഔദാര്യമാണെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഇത് പ്രവർത്തകർക്ക് അപമാനമുണ്ടാക്കിയെന്ന ആക്ഷേപവും ഉയർന്നു.
ഇതിനു മുൻപ് ഇടുക്കി ജില്ലാ സമ്മളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സർക്കാർ വികസന നേട്ടങ്ങൾ വ്യക്തിഗത നേട്ടങ്ങളായി എടുത്തു കാട്ടാൻ സിപിഎം സംഘടിതശ്രമം നടത്തുന്നുവെന്നാണ് ഇടുക്കി സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും ഇടുക്കിയിൽ നിന്നും വിമർശനം ഉയരുകയായിരുന്നു. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ട് നൽകുന്നില്ല. ധനമന്ത്രിയുടെ പിശുക്ക് സിപിഐയുടെ വകുപ്പകളോട് മാത്രമേ ഉള്ളുവെന്നും സിപിഎമ്മിൻ്റെ വകുപ്പുകൾക്ക് വാരിക്കോരി നൽകുകയാണെന്നും വിമർശനം ഉയർന്നിരുന്നു. ബ്രുവറികൾ അനുവദിക്കുന്നത് പോലുള്ള മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങാനുള്ള തീരുമാനത്തിലെ സർക്കാർ നിലപാട് സ്വീകാര്യമല്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സിപിഐയുടെ പോസ്റ്ററിൽ ദേശീയ പതാകയേന്തിയ ഭാരതാംബ
കോട്ടയം: കോട്ടയത്ത് ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി സിപിഐയുടെ പോസ്റ്റർ. പണി പാളുമെന്ന് കണ്ടതോടെ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിച്ചു.സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററിലാണ് ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും ഇടംപിടിച്ചത്.
സോഷ്യൽമീഡിയയിൽ പോസ്റ്റർ പ്രചരിച്ചതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിക്കുകയായിരുന്നു.ഈ മാസം 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിലാണ് സിപിഐ കോട്ടയം മണ്ഡലം സമ്മേളനം സമ്മേളനം നടക്കുന്നത്.
മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്.
പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിവാദമാകുമെന്ന് മനസ്സിലാക്കിയ പാർട്ടി ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു.പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയപതാക കൂട്ടിച്ചേർക്കുന്നതു ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു.
പോസ്റ്ററിനെപ്പറ്റി വിവരം കിട്ടിയ ഉടൻ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ അതു പിൻവലിക്കാൻ നിർദേശം നൽകിയെന്നും വിബി ബിനു പറഞ്ഞു.രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെയാണ് സിപിഐ പോസ്റ്ററിലും ഭാരതാംബ ഇടംപിടിച്ചത്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടു മാത്രമാണ് രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.
English Summary:
Sharp criticism erupted at CPI district conferences in Kerala against the party’s four ministers and State Secretary Binoy Viswam, with delegates accusing them of failure and even fearing to approach the Chief Minister.









