ബെംഗളൂരു: അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെതിരായ തുടർനടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് എടുത്ത കേസിലാണ് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്. കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടു.(court stayed further action against director Ranjith in the sexual harassment case)
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. യുവാവ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്.
2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും തുടർന്ന് ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.