കൊച്ചി: വനിതാ ജീവനക്കാരിയെ മറുത എന്നു വിളിച്ചു ഡയറക്‌ടര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഇക്കണോമിക്‌സ് ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റിക്കല്‍ വകുപ്പില്‍ ഊമക്കത്ത് വിവാദം.
ഇരുണ്ടകാലം എന്ന പേരിലുള്ള കത്താണ് ജില്ലാ ഓഫീസുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കത്തിന്റെ ഉറവിടത്തെക്കുറിച്ചു വകുപ്പ് അന്വേഷണം തുടങ്ങി.
കത്ത് വിവാദത്തിനിടെ, ഊമക്കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടന്നിട്ടില്ലെന്നു ഡയറക്‌ടര്‍ നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങിച്ചെന്നു ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.പി.എം. അനുകൂല സംഘടനയ്‌ക്കു പരാതി നല്‍കിയതാണ് ഏറ്റവുമൊടുവിലെ വഴിത്തിരിവ്.
എറണാകുളത്ത് മൂന്നാഴ്‌ച മുമ്പ് നടന്ന വകുപ്പുതല യോഗത്തിനിടെ ഡയറക്‌ടര്‍ വനിതാ ജീവനക്കാരിയെഅധിക്ഷേപിച്ചെന്നാണ് ആരോപണം.
മറ്റൊരു ജീവനക്കാരിയെ ഡയറക്‌ടര്‍, കണ്ടാമൃഗത്തോട് ഉപമിച്ചെന്നും ഊമക്കത്തില്‍ പറയുന്നു. ഡയറക്‌ടറുടെ പരാമര്‍ശത്തിനെതിരേ ഒരു വിഭാഗം ജീവനക്കാര്‍ സി.പി.എം. അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിക്കു പരാതി നല്‍കി.
വനിതാ ജീവനക്കാരെ അധിക്ഷേപിച്ചെന്നു കാട്ടി ഡയറക്‌ടര്‍ക്കെതിരേ രണ്ടു മാസം മുമ്പും പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന്, അസോസിയേഷന്‍ ഭാരവാഹികള്‍ ഡയറക്‌ടറുമായി സംസാരിച്ചു.
ഇതിനു പിന്നാലെയാണ് മറുത ആരോപണം. വീണ്ടും അസോസിയേഷന്‍ ഭാരവാഹികള്‍ ഡയറക്‌ടറുമായി സംസാരിച്ചെങ്കിലും അദ്ദേഹം സംഘടനാ ഭാരവാഹികളെ അവഗണിച്ചെന്നാണ് വിവരം.
ഡയറക്‌ടര്‍ക്കെതിരേ ഇതിനു മുമ്പും വനിതാ ജീവനക്കാരില്‍നിന്നു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ പറഞ്ഞു. ഡയറക്‌ടറും അസോസിയേഷന്‍ അംഗമാണ്.”