വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്‍കി. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സംഭാവന നല്‍കിയത്.Controversial businessman Santiago Martin has donated Rs 1 crore to the Chief Minister’s relief fund
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാന്റിയാഗോ മാര്‍ട്ടിനോ കമ്പനിയോ നേരിട്ടല്ല പണം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നുള്ള റോട്ടറി ക്ലബ് ഭാരവാഹികളാണ് ചെക്ക് എത്തിച്ചത്. അത് സ്വീകരിക്കുകയും ചെയ്തു.
അതില്‍ ഫ്യൂച്ചര്‍ ഗെയിമിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരിശോധനയിലാണ് ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണെന്ന് മനസിലാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നേരത്തേ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് സിപിഎം പണം കൈപ്പറ്റിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനി ബോണ്ടെന്ന പേരില്‍ രണ്ട് കോടി രൂപ വാങ്ങിയതാണ് വിവാദമായത്.
വിഎസ് അച്യുതാനന്ദന്‍ പാർട്ടിയില്‍ വലിയ കലാപം ഉണ്ടാക്കിയതോടെ പണം തിരികെ നല്‍കിയാണ് സിപിഎം തലയൂരിയത്. സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനി ഏജൻ്റായി അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാൻ ഇടതു സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് യുഡിഎഫ് ആരോപണങ്ങൾ ഉയർത്തിയിരുന്ന കാലത്തായിരുന്നു ഈ ഇടപാടും നടന്നത്.
ഭാവിയില്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം കൈപ്പറ്റിയെന്ന വിവാദം ഒഴിവാക്കാനാണ് നാടകീയമായി മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതെന്നാണ് വിലയിരുത്തല്‍.
പണം കൈപ്പറ്റിയോ എന്ന ചോദ്യത്തിന് പണം സ്വീകരിച്ച കാര്യം പറയാതെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയാണെന്ന് മനസിലാക്കിയപ്പോള്‍ ചെക്ക് നല്‍കിയവര്‍ മടങ്ങിയെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.