വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
ഇടുക്കി കട്ടപ്പനയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് വാർഡ് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചു.
വട്ടുകുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസ് ജെയിംസിനാണ് (28) വെട്ടേറ്റത് . സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു (34) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മദ്യലഹരിയിലാണ് അക്രമം നടത്തിയത്. കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപ്പടിയിലാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രദേശത്ത് എൽഡിഎഫ് സ്ഥാനാർഥി ജയിച്ചിരുന്നു.
അന്നേ ദിവസം കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ചെയ്തതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു.
ഞായറാഴ്ച രാത്രി 10 ന് മുൻപ് പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് , യുഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ വിഷ്ണു വാക്കത്തിയുമായി എത്തി പ്രിൻസിനെ വെട്ടുകയായിരുന്നു.
തലയ്ക്ക് വെട്ടേറ്റ പ്രിൻസ് ഒഴിഞ്ഞുമാറുന്നതിനിടെ താഴ്ച്ചയിലേക്ക് വീണ് പരിക്കേറ്റു. വിഷ്ണുവിനെതിരെ വധശ്രമത്തിന് കേസെടുത്തു.
സംഭവത്തിൽ ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധ യോഗം സംഘടിപ്പിക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.









