തിരുവനന്തപുരം: എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്. പാർട്ടിയിൽ നേരിടുന്ന കടുത്ത അവഗണനയെ തുടർന്നാണ് കോൺഗ്രസ് വിടുന്നതെന്ന് തങ്കമണി ദിവാകരൻ വ്യക്തമാക്കി. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ തങ്കമണി ദിവാകരൻ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.
സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമർശിച്ചാണ് അവർ പാർട്ടി വിടുന്നതെന്ന് തങ്കമണി ദിവാകരൻ വ്യക്തമാക്കി. 27 വയസ്സ് മുതൽ താൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. എന്നാൽ പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നത്. സ്ത്രീകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പ്രതികരിച്ചു.
സംസ്ഥാനത്ത് ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയ 2011 ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ 33943 വോട്ടാണ് അവർക്ക് നേടാനായത്. സിപിഎം സ്ഥാനാർത്ഥി ബി സത്യനോടാണ് തങ്കമണി ദിവാകരൻ പരാജയപ്പെട്ടത്. ആകെ പോൾ ചെയ്ത 1.14 ലക്ഷം വോട്ടിൽ 63558 വോട്ട് ബി സത്യന് ലഭിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ.
എന്നാൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുകയാണ് തങ്കമണി ദിവാകരനെന്നാണ് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷം നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.