തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു.
പട്ടിക പുറത്തിറക്കിയത് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനാണ്. ഈ ഘട്ടത്തിൽ 48 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശബരീനാഥൻ കവടിയാറിൽ; സീനിയർ ജോൺസൺ ജോസഫ് ഉള്ളൂരിൽ വീണ്ടും
പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാനാർഥിത്വം അരുവിക്കര മുൻ എംഎൽഎ കെ. എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ നിന്നുള്ള മത്സരമാണ്.
നഗരസഭയിലെ ഏറ്റവും സീനിയർ കൗൺസിലർമാരിൽ ഒരാളായ ജോൺസൺ ജോസഫ് ഉള്ളൂർ വാർഡിൽ വീണ്ടും ജനവിധി തേടുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സുഭാഷ് കിണവൂർ വാർഡിൽ നിന്ന് മത്സരിക്കും.
മുമ്പ് കൗൺസിലറായിരുന്ന ഡി. അനിൽകുമാർ പേട്ട വാർഡിൽ നിന്ന് മത്സരിക്കുകയാണ്. 2025–20 കാലഘട്ടത്തിൽ അദ്ദേഹം പാർലമെന്ററി പാർട്ടി ലീഡറായിരുന്നു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു രഘുവരൻ പാങ്ങപ്പാറ വാർഡിൽ മത്സരിക്കും.
മുൻ കൗൺസിലർ അനിത കുടപ്പനക്കുന്നിലും, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാർഡിലുമാണ് മത്സരിക്കുന്നത്.
കൂടാതെ മുൻ കൗൺസിലർ ത്രേസ്യാമ്മ തോമസ്, സിറ്റിങ് മെമ്പർ മേരി പുഷ്പം, ഡിസിസി ജനറൽ സെക്രട്ടറി എം. എസ്. സനിൽകുമാർ എന്നിവരും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു.
ശേഷിക്കുന്ന സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം
ശേഷിക്കുന്ന വാർഡുകളിലെ സ്ഥാനാർഥികളുടെ പേരുകൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു. സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗങ്ങളുമായി ചർച്ചകൾ പൂർത്തിയായതായും, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി എന്നീ ഘടകകക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ചർച്ചകൾ പൂർത്തിയായാൽ മുഴുവൻ സ്ഥാനാർഥിപ്പട്ടികയും അന്തിമമാകും.
നഗരഭരണം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസമെന്ന് യുഡിഎഫ്
നഗരസഭ ഭരണം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസം യുഡിഎഫിനുണ്ടെന്ന് കെ. മുരളീധരൻ ഉറപ്പിച്ചു.
ഭരണം തിരിച്ചെടുക്കാനുള്ള തന്ത്രങ്ങളും ശക്തമായ സ്ഥാനാർഥി നിരയും യുഡിഎഫിന് ഗുണകരമാവുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
English Summary
The Congress party has announced the first list of 48 candidates for the Thiruvananthapuram Corporation elections.









