കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.
കൂട്ടുകാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴിയാണ് യദു സന്തോഷിനേയും കൂട്ടുകാരെയും ആക്രമിച്ചത്. കലാപ്രവർത്തനം നടത്തിയതിനായിരുന്നു മർദ്ദനം എന്ന് സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു.
സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് നടൻ പറഞ്ഞു. ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് ആരോപിച്ചാണ് മര്‍ദനം നടന്നതെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
മർദ്ദനത്തെ തുടർന്ന് മകൻ സഹായം അഭ്യർത്ഥിച്ച് തന്നെ വിളിച്ചുവെന്നും താൻ സ്ഥലത്തേയ്ക്ക് പെട്ടെന്ന് ചെല്ലുകയായിരുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഹെൽമറ്റ് കൊണ്ടാണ് മർദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഓർക്കാൻ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടൻ പറഞ്ഞു.
മകൻ അടക്കമുള്ള കുട്ടികളുടെ വസ്ത്രങ്ങളും വലിച്ചൂരിയിരുന്നു. നടന്നത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇത്തരം ആളുകള്‍ രാത്രി യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനാലാണ് കുട്ടികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യദു ഉൾപ്പെടെയുള്ള കുട്ടികള്‍ നിലവിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.