മലപ്പുറം: സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി. മലപ്പുറം തിരൂരങ്ങാടിയിൽ നാട്ടുകാർ ബസ് തടഞ്ഞ് വിദ്യാർഥികളെ കയറ്റി സംഘർഷമുണ്ടായി.Complaint that private buses do not pick up students
ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിപ്പിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറഞ്ഞു. ഡ്രൈവറെ നാട്ടുകാർ മർദ്ദിച്ചതായി ബസ് തൊഴിലാളികളും പറഞ്ഞു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള തിരൂരങ്ങാടിയിൽ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് പരാതി വ്യാപകമായിരുന്നു.
വൈകുന്നേരങ്ങളിൽ പല ബസുകളും വിദ്യാർഥികളെ കയറ്റാതിരിക്കാൻ സ്റ്റോപ്പിൽ നിർത്താതെ പോവുകയും ബോർഡുകൾ നീക്കംചെയ്ത് സർവീസ് ചെയ്യാറുണ്ടെന്നുമാണ് പരാതി.
ഇതേ തുടർന്ന് നാട്ടുകാരുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിക്കുകയും ബസുകളിൽ വിദ്യാർഥികളെ കയറ്റി അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും ചില ബസുകൾ വിദ്യാർഥികളെ കയറ്റാൻ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇതിനിടെ കഴിഞ്ഞദിവസം നാട്ടുകാർ നിർത്താൻ ആവശ്യപ്പെട്ട ബസ് വിദ്യാർഥികളെ കയറ്റാതെ മുന്നോട്ടു പോയതാണ് സംഘർഷത്തിന് വഴിവെച്ചത്. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ല എന്നാണ് ആക്ഷേപം.