പാലക്കാട്: മദ്യലഭ്യതയിൽ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി നവകേരള സദസിൽ നൽകിയ പരാതിയിൽ മറുപടിയുമായി സർക്കാർ. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പരിസരവാസികൾ മദ്യലഭ്യതക്കുറവ് മൂലം കഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സ്വദേശി നവകേരള സദസിൽ പരാതി നൽകിയത്.
മദ്യ ലഭ്യതയുമായി ബന്ധപ്പെട്ട പാലക്കാട് സ്വദേശിയുടെ പരാതി കേരള സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ഹെഡ് ഓഫീസിലേക്ക് കൈമാറിയതായാണ് മറുപടി ലഭിച്ചത്. ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് പാറപിരിവിലുള്ള ഔട്ട്‌ലെറ്റിലെ നിലവിലെ സ്ഥലസൗകര്യം വർധിപ്പിക്കും. കൗണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടിയും സ്വീകരിക്കുമെന്നും മറുപടിയിൽ പറയുന്നു.
ഇതിന് പുറമേ, പാറപിരിവിലുള്ള ഔട്ട്‌ലെറ്റിൽ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടർ സംവിധാനവും ഏർപ്പാടാക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ മദ്യത്തിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് നിലവിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുമെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.