തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന പരാതിയിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ പരാതിക്കാരൻ ഇന്ന് മൊഴിനൽകും.
കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴിനൽകാൻ ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് നാർക്കോട്ടിക് സെൽ അസി. കമീഷണർ പരാതിക്കാരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉപതെരഞ്ഞടുപ്പ് ഫലം വരുന്നതിനാലുള്ള അസൗകര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം എത്താമെന്ന് പരാതിക്കാരൻ അറിയിച്ചിരുന്നു.
മതപരമായ വിഭാഗീയതയുണ്ടാക്കാൻ വാട്സ്ആപ് ഗ്രൂപ് തുടങ്ങിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ മുഖേനെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സിറ്റി പൊലീസ് കമീഷണർക്ക് നിയമോപദേശം നൽകിയിരുന്നു.
എന്നാൽ, രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമുള്ള വിചിത്ര വാദമാണ് പൊലീസിന് ഇപ്പോൾ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.









