പീരുമേട്: കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി സുധീഷി(21) നാണ് മർദ്ദനമേറ്റത്. കോളജിന് സമീപമുള്ള പോത്തുപാറ സ്വദേശികളായ എട്ടംഗ സംഘമാണ് വിദ്യാർത്ഥിയെ മർദിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കോളജിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ ഇറക്കിവിട്ട ശേഷമാണ് ആക്രമണം നടത്തിയത് എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ നടത്തിയ കാർ ഷോ കാണാനെത്തിയ ഇവർ വന്ന വാഹനങ്ങൾ കാമ്പസിൽ കടക്കാൻ സുധീഷ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ അനുവദിച്ചിരുന്നില്ല. ഇതേ ചൊല്ലി അന്ന് തർക്കം നടന്നിരുന്നു . ഇതാവാം ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.