കൊച്ചി : അഭിമാന നേട്ടവുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്. യു.കെ ആസ്ഥാനമായുള്ള ഓഫ്‌ഷോർ റിന്യൂവബിൾ ഓപ്പറേറ്ററായ നോർത്ത് സ്റ്റാർ ഷിപ്പിംഗിൽ നിന്ന് 60 ദശലക്ഷം യൂറോയുടെ ( 540 കോടി രൂപ) കരാറാണ് ലഭിച്ചത്.
രാജ്യത്തെ പ്രമുഖ കപ്പൽനിർമ്മാണ ശാലക്ക് യു.കെയിലെ ,സഫോക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന വിൻഡ് ഫാമിൽ വിന്യസിക്കുന്നതിനായുള്ള ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽസ് ( എസ്.ഒ.വി) നിർമിക്കുന്നതിനുള്ള കരാർ ആണ് ലഭിച്ചിരിക്കുന്നത്.
പുതിയ കരാറിൽ മറ്റ് രണ്ട് കപ്പലുകൾ കൂടി നിർമ്മിക്കാനുള്ള വ്യവസ്ഥയുണ്ട്. നോർത്ത് സ്റ്റാർ ഈ വർഷം ആദ്യം കൊച്ചിൻ ഷിപ്പ്‌യാർഡുമായി മറ്റൊരു ഹൈബ്രിഡ് എസ്.ഒ.വി കരാർ ഉണ്ടാക്കിയിരുന്നു.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊർജ മേഖലകൾ അടിസ്ഥാനമാക്കുന്ന ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലുകളുടെ ഉപയോഗത്തിലുണ്ടാകുന്ന വളർച്ച പരമാവധി ഉപയോഗപ്പെടുത്താനാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ശ്രമം.
85 മീറ്റർ നീളമുള്ള ഹൈബ്രിഡ് വെസലുകൾ നോർവേയിലെ വാർഡ് എ.എസാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കടലിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദനം നടത്തുന്നതിനുള്ള അനുബന്ധ സേവനങ്ങളും, പരിപാലനവും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്യുന്ന വെസലുകളാണിത്.
ഇതിലെ ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റത്തിന് നാല് ഡീസൽ ജനറേറ്റർ സെറ്റുകളും വലിയ ലിഥിയം ബാറ്ററി പായ്ക്കുമുണ്ട്, ഇത് വലിയ അളവിൽ എമിഷൻ കുറയ്ക്കാൻ സഹായിക്കുന്നു.
നോർത്ത് സ്റ്റാർ കമ്പനിയുടെ മുൻഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു നായർ പറഞ്ഞു.