വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ചോ? അതോ മുഖ്യമന്ത്രിയെ വി വി രാജേഷ് വിളിച്ചോ? ശരിക്കും നടന്നത്
തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനുമുൻപ് വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അനുമോദിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയോട് സംസാരിക്കാൻ വി.വി. രാജേഷ് ശ്രമിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ അദ്ദേഹം വിളിച്ചു.
എന്നാൽ ആ സമയത്ത് മുഖ്യമന്ത്രി സമീപത്തില്ലാതിരുന്നതിനാൽ പിന്നീട് ബന്ധപ്പെടാമെന്ന് പി.എ അറിയിച്ചു. തുടർന്ന് പി.എ തിരിച്ചുവിളിച്ച് മുഖ്യമന്ത്രിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
ഈ ഫോൺ സംഭാഷണത്തിനിടെയാണ് താൻ മേയറായി തിരഞ്ഞെടുക്കപ്പെടാൻ പോകുന്നുണ്ടെന്നും, തുടർന്ന് നേരിട്ട് കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രതികരണം “ആവട്ടെ, അഭിനന്ദനങ്ങൾ” എന്നതായിരുന്നു. എന്നാൽ പിന്നീട് പ്രചരിച്ച വാർത്ത മുഖ്യമന്ത്രിയാണ് വി.വി. രാജേഷിനെ വിളിച്ച് മുൻകൂട്ടി ആശംസകൾ അറിയിച്ചതെന്ന തരത്തിലായിരുന്നു.
ഇത് തെറ്റായ പ്രചാരണമാണെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി മത്സരിച്ച വി.വി. രാജേഷിനെതിരെ സിപിഎം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു.
കൂടാതെ ദൈവങ്ങളുടെ പേരിൽ ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിനെതിരെയും സിപിഎം പരാതി നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട വാർത്ത വലിയ രാഷ്ട്രീയ ചർച്ചയായി മാറിയത്.
∙ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവന:
‘‘ ബിജെപി നേതാവ് വി.വി.രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.
വെള്ളിയാഴ്ച രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പഴ്സനൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു.
ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി.എ അറിയിച്ചു. അതുകഴിഞ്ഞ് പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു’’.
‘‘താൻ മേയർ ആയി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി.വി.രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്’’.
English Summary
The Chief Minister’s Office has clarified that reports claiming Chief Minister Pinarayi Vijayan called and congratulated BJP leader V.V. Rajesh before his election as Thiruvananthapuram Mayor are false. According to the CMO, Rajesh had attempted to contact the Chief Minister, and the conversation occurred only after the CM was connected later by his personal assistant. During the call, Rajesh mentioned he was likely to be elected mayor, to which the Chief Minister responded with a general congratulatory remark. The CMO said the reports suggesting a pre-election congratulatory call from the Chief Minister were misleading.
cm-office-denies-pre-election-congratulations-vv-rajesh-thiruvananthapuram-mayor
thiruvananthapuram corporation, vv rajesh, pinarayi vijayan, chief minister office, kerala politics, mayor election controversy









