ഉത്തരകാശിയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; അലറി വിളിച്ച് നാട്ടുകാർ, 60 ലധികം പേരെ കാണാതായി
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഉത്തരകാശിയിലെ ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധരാലി മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ വ്യക്തമാക്കി രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സർക്കാർ തേടിയിട്ടുണ്ട്.
നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ENGLISH SUMMARY:
A devastating flash flood struck Dharaali village in Uttarkashi, Uttarakhand, after a cloudburst caused the Khir Ganga river to overflow dangerously. Several homes and buildings were destroyed in the disaster.